ദേശീയ ജനതാ സംഘം

ദേശീയ ജനതാ സംഘം എന്ന രാഷ്ട്രീയ പാർട്ടി, നീതിബോധവും ജനാധിപത്യബോധവുമുള്ള ദേശസ്നേഹികളുടെ മനസ്സിൽ നിന്ന് ഉടലെടുത്തതാണ്. ഇതിന് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. നമ്മുടെ കേരളത്തിലേക്ക് നോക്കിയാൽത്തന്നെ നിരാശാജനകമായ പലതും കാണാൻ കഴിയും. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതയും, വിദ്യാഭ്യാസവും, വൈദഗ്ധ്യവുമുള്ള മനുഷ്യശക്തിയും, മികച്ച പ്രകൃതിവിഭവങ്ങളുമുള്ള ഒരു സംസ്ഥാനമാണ് നമ്മുടേത്. ഒരു വികസിത സംസ്ഥാനമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥയെന്താണ്?

കേരളത്തിലെ ഏതു മേഖല എടുത്താലും വളരെ ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്. ഒരിക്കൽ കേരളത്തിന്റെ അഭിമാനമായിരുന്ന വിദ്യാഭ്യാസമേഖല ഇന്ന് രാഷ്ട്രീയ കോമരങ്ങളുടെ കൂത്തരങ്ങായിരിക്കുന്നു. സാമാന്യ ബോധത്തിനു നിരക്കാത്ത കാര്യങ്ങൾ ക്രമസമാധാന മേഖലയിലും നടമാടുന്നു. നേരിന്റെ കൂടെ നിൽക്കുന്നവർക്കും സത്യസന്ധമായി ജോലി ചെയ്യുന്നവർക്കും നിലനിൽപ്പു തന്നെ അസാധ്യമായിരിക്കുന്നു. ഭരണകൂട ഭീകരതയുടെ നേർകാഴ്ചകളുമായാണ് ഓരോ പ്രഭാതവും പൊട്ടി വിരിയുന്നത്. "ജനാധിപത്യം എന്ന് പറഞ്ഞാൽ, രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ജോലിക്കാർക്കും വേണ്ടി അവർ നടത്തുന്ന സംവിധാനം" എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.

കേരളത്തിലെ എല്ലാ സംവിധാനങ്ങളും താൽക്കാലിക ലക്ഷ്യങ്ങൾക്കായി സർക്കാർ മാറ്റിമറിക്കുമ്പോൾ നമ്മുടെ എല്ലാ മേഖലകളും നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. സ്വജനപക്ഷപാതത്തോടൊപ്പം തീവ്രവാദ ചിന്താഗതിയുള്ളവരെ ചേർത്തു പിടിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന രീതിയിലേക്ക് ഇന്നുള്ള രാഷ്ട്രീയ നേതൃത്വം അധഃപതിച്ചിരിക്കുന്നു. ഇത് അതെ സമുദായത്തിലെ 90% വരുന്ന സമാധാനപ്രിയരായ ജനങ്ങളെ അസ്വസ്ഥരാക്കുന്നു.

ഇതിനൊരു മാറ്റം വേണ്ടേ? സത്യസന്ധതയും നീതിബോധവുമുള്ള ഉദ്യോഗസ്ഥർക്ക് ധൈര്യമായി നീതി നടപ്പാക്കാൻ അവസരം വേണ്ടേ? ഭരണകൂടത്തെ ഭയക്കാതെ ജീവിക്കാൻ സാധാരണ ജനങ്ങൾക്ക് കഴിയണ്ടേ? നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ട? ഏതു മതം പിന്തുടരുന്നവരാണെങ്കിലും സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം വേണ്ടേ? വരും തലമുറകൾക്ക് ഈ നാട്ടിൽ ജോലി ചെയ്തു സന്തോഷമായി ജീവിക്കാൻ അവസരം വേണ്ടേ? എല്ലാവര്ക്കും സർക്കാർ ജോലി എന്ന ഉട്ടോപ്യൻ ആശയം രാഷ്ട്രീയ നേതാക്കൾ യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്താൻ വിളമ്പുന്ന വിഷമാണെന്ന് പറയാൻ ആരെങ്കിലും വേണ്ടേ? സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ചു നമ്മുടെ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കേണ്ടേ? സർക്കാർ ജോലിക്കാർക്കും രാഷ്ട്രീയനേതാക്കൾക്കും മാത്രമല്ല സാധാരണ ജനങ്ങൾക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സംവിധാനം വേണ്ടേ?

ഇങ്ങനെയുള്ള മാറ്റങ്ങൾ നേടിയെടുക്കാൻ വേണ്ടി നാട്ടിലും പ്രവാസലോകത്തുമുള്ള ദേശസ്നേഹികൾ ചേർന്ന് തുടങ്ങിയ പ്രസ്ഥാനമാണ് ദേശീയ ജനതാ സംഘം എന്ന രാഷ്ട്രീയപാർട്ടി.